ഇ.പി ജയരാജൻ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുമെന്ന് സൂചന

കണ്ണൂർ: പി ജയരാജൻ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളിൽ എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജന് അതൃപ്തി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇ പി എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിയുമെന്നാണ് സൂചന. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇ പി പങ്കെടുത്തേക്കില്ല. എന്നാൽ അന്നേ ദിവസം കോഴിക്കോട് നടക്കുന്ന ഐഎൻഎൽ പരിപാടിയിൽ പങ്കെടുക്കും.

മൊറാഴയിലെ വൈദേകം റിസോർട്ടിൽ ഇ പിയ്ക്ക് സാമ്പത്തിക ഇടപാട് ഉണ്ടെന്നാണ് പി ജയരാജൻ്റെ ആരോപണം. പാർട്ടിയുടെയും നാടിൻ്റെയും താൽപര്യത്തിൽ നിന്നും വ്യതിചലിക്കുന്നവർക്ക് സിപിഎമ്മിൽ സ്ഥാനമില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയിൽ ചർച്ച നടന്നാൽ പാർട്ടി തകരില്ലെന്നും ഊതിക്കാച്ചിയ സ്വർണം പോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇ പി ജയരാജന്‍റെ ഭാര്യയും മകനും വിവാദ റിസോർട്ടിന്‍റെ ഡയറക്ടർ ബോർഡ് അംഗങ്ങളാണെന്നതിന്‍റെ രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2014ൽ കണ്ണൂർ ആയുർവേദ മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ അരോളിയിലെ ഇ പി ജയരാജന്‍റെ വീടിനോട് ചേർന്നുള്ള കടമുറി കെട്ടിടത്തിന്‍റെ വിലാസത്തിൽ മൂന്ന് കോടി രൂപ മൂലധനത്തോടെയാണ് കമ്പനി രജിസ്റ്റർ ചെയ്തത്. കമ്പനിയുടെ മാസ്റ്റർ ഡാറ്റ അനുസരിച്ച് 11 അംഗ ഡയറക്ടർ ബോർഡ് ഉണ്ട്. കമ്പനിക്ക് 6.65 കോടി രൂപ വരെ നിക്ഷേപമുണ്ട്. ഇ പിയുടെ മകൻ ജയ്സൻ കമ്പനിയിൽ ഏറ്റവും ഉയർന്ന (2,500) ഓഹരിയുള്ള ഡയറക്ടറാണ്.