പരിസ്ഥിതിലോല മേഖല വിധി; ജൂലൈ 12ന് ഹര്‍ജി നല്‍കുമെന്ന് വനംമന്ത്രി

പരിസ്ഥിതി ലോല മേഖലയിലെ വിധിക്കെതിരെ ജൂലൈ 12ന് കേരളം ഹർജി നൽകുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. സംസ്ഥാന സർക്കാരിനെ പരിശോധിക്കാതെയാണ് വിധി പ്രസ്താവിച്ചത്. അതിനാൽ വിധിയിലെ ആശങ്ക കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

വിധി കർഷകർക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്. സുപ്രീം കോടതി വിധി ആശ്ചര്യകരവും നിരാശാജനകവുമാണ്. ജനങ്ങൾക്ക് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്നും ,ജനവാസമുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്നം കേന്ദ്രസർക്കാരിനെ അറിയിക്കും. തിരുത്തൽ ഹർജി നൽകും. എല്ലാ കാര്യങ്ങളിലും വിശദീകരണം ചോദിച്ച് കേന്ദ്രസർക്കാർ വിഷയം വൈകിപ്പിക്കുകയാണ്. കർഷകരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. സമരത്തിന്റെ രീതി ഒഴിവാക്കണം. സർക്കാരിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

അതേസമയം, പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ഇടുക്കിയിൽ അടുത്ത ദിവസം എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരവിൽ പ്രതിഷേധിച്ച് യു.ഡി.എഫും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ് 16ന് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.