മനീഷ് സിസോദിയക്കെതിരെ ഇഡിയും കേസെടുത്തു
ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ ക്ഷണിച്ചതായി വെളിപ്പെടുത്തിയ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കേസെടുത്തു. ഡൽഹി സർക്കാരിനെതിരായ മദ്യനയത്തിലെ അഴിമതി ആരോപണത്തെ തുടർന്ന് സിബിഐ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് എക്സൈസ് മന്ത്രി കൂടിയായ സിസോദിയയ്ക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കേസ്.
ഡൽഹിയിലെ മദ്യനയത്തിലെ അഴിമതി ആരോപണത്തെ തുടർന്ന് സിസോദിയയുടെ വസതിയിൽ തിങ്കളാഴ്ച മണിക്കൂറുകളോളം സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഗവർണർ വിനയ് കുമാർ സക്സേന അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്നാണ് വിവാദ മദ്യനയം പിൻവലിച്ചത്. സ്വകാര്യ മദ്യലോബിയെ സഹായിക്കാൻ വഴിവിട്ട നീക്കമാണ് നടത്തിയതെന്നാണ് പ്രധാന ആരോപണം.
മദ്യനയവുമായി ബന്ധപ്പെട്ട പരാതിയിൽ പ്രതികളെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനായി മനീഷ് സിസോദിയയെ സിബിഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. സിസോദിയയുടെ വസതി ഉൾപ്പെടെ 31 സ്ഥലങ്ങളിൽ വെള്ളിയാഴ്ച സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതിൽ നിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സിസോദിയയ്ക്കും മറ്റ് 15 അജ്ഞാതർക്കുമെതിരെയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.