ദസറയില്‍ രാവണന് പകരം ഇഡി-സിബിഐ കോലം കത്തിച്ചു; വേറിട്ട പ്രതിഷേധവുമായി കോണ്‍ഗ്രസ്
അഹമ്മദാബാദ്: ദസറ ദിനത്തിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് വേറിട്ട പ്രതിഷേധം നടത്തി. രാജ്യം മുഴുവൻ രാവണന്‍റെ കോലം കത്തിച്ച് ദസറ ആഘോഷിച്ചപ്പോൾ, ഗുജറാത്തിലെ ഭുജിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെയും (സിബിഐ) കോലം കത്തിച്ചാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റി ദസറ ആഘോഷിച്ചത്. ഭുജിലെ ഹമിർസാറിൽ ബിജെപി സർക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഇ.ഡി, സി.ബി.ഐ, വിലക്കയറ്റം എന്നിവയുടെ കോലം കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വിലക്കയറ്റം, പണപ്പെരുപ്പം, ആരോഗ്യ സംവിധാനം, വിദ്യാഭ്യാസം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമർത്താനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.