ഡല്‍ഹിയിലും പഞ്ചാബിലും വീണ്ടും ഇ.ഡി പരിശോധന; സമയം പാഴാക്കുന്നെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഡൽഹിയിലും പഞ്ചാബിലുമായി 35 സ്ഥലങ്ങളിൽ വീണ്ടും ഇ.ഡി റെയ്ഡ്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഉന്നത ഉദ്യോഗസ്ഥരെയും പ്രതിചേർത്ത കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വൻ റെയ്ഡ് നടത്തുകയാണ്. അതേസമയം, ചിലരുടെ വൃത്തികെട്ട രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉദ്യോഗസ്ഥരുടെ സമയം പാഴാക്കുന്നുവെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിമർശിച്ചു.

“കഴിഞ്ഞ മൂന്ന് മാസത്തിനിടെ 500 റെയ്ഡുകളാണ് നടന്നത്. മനീഷ് സിസോദിയയ്ക്കെതിരെ തെളിവുകൾ കണ്ടെത്താൻ മുന്നൂറിലധികം സിബിഐ/ഇഡി ഉദ്യോഗസ്ഥർ 24 മണിക്കൂറും പ്രവർത്തിക്കുന്നു. തെറ്റൊന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ ഒരു തെളിവും കണ്ടെത്താനായിട്ടില്ല. വൃത്തികെട്ട രാഷ്ട്രീയത്തിനായി ഇത്രയധികം ഉദ്യോഗസ്ഥരുടെ സമയം പാഴായിപ്പോകുകയാണ്. രാജ്യം എങ്ങനെ പുരോഗമിക്കും?” കെജ്രിവാൾ ട്വീറ്റ് ചെയ്തു.

മദ്യവിൽപ്പന സ്വകാര്യ മേഖലയ്ക്ക് കൈമാറുന്ന ഡൽഹി സർക്കാരിന്റെ പുതിയ നയത്തിൽ ക്രമക്കേട് നടന്നതായി 15 പേരെ പ്രതിചേർത്ത് സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ ഒന്നാം പ്രതിയാണ് സിസോദിയ. മലയാളിയായ വിജയ് നായരെ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ കേസ് രജിസ്റ്റർ ചെയ്ത ഉടൻ തന്നെ ഡൽഹി സർക്കാർ നയം പിൻവലിച്ചിരുന്നു.