ഇ.ഡിക്ക് വിശാല അധികാരം ; പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് വിപുലമായ അധികാരം നൽകുന്ന വിധി ചോദ്യം ചെയ്ത് സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ജൂലായ് 27-ന് പുറപ്പടുവിച്ച വിധിയിലെ രണ്ട് കാര്യങ്ങള്‍ പുന:പരിശോധിക്കേണ്ടതുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ തങ്ങളുടെ വിലയിരുത്തലെന്ന് കോടതി വ്യക്തമാക്കി.

ഇ.ഡി കേസിന്‍റെ വിവര റിപ്പോർട്ട് (ഇ.സി.ഐ.ആർ) പ്രതികൾക്ക് നൽകേണ്ടതില്ലെന്ന് ജൂലൈ 27ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് പുനഃപരിശോധിക്കേണ്ടതുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടത്. നിരപരാധിത്വം തെളിയിക്കാനുള്ള ഉത്തരവാദിത്തം ആരോപിതനില്‍ കെട്ടിവയ്ക്കുന്ന വ്യവസ്ഥയും പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. അതേസമയം, കള്ളപ്പണ ഇടപാടുകൾ തടയാനുള്ള സർക്കാരിന്റെ ശ്രമങ്ങളിൽ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരുന്നത് ഉൾപ്പെടെയുള്ള നടപടികളെ കോടതി പിന്തുണയ്ക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അതേസമയം, ജൂലൈ 27 ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കരുതെന്ന് കേന്ദ്ര സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ജൂലൈ 27ന് ഇ.ഡിക്ക് പരമാധികാരം നല്‍കുന്ന വിധി പ്രസ്താവിച്ചത്. ഇതിൽ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വിരമിച്ചു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ ബെഞ്ചിന്‍റെ ഭാഗമായത്. രമണയ്ക്ക് പുറമെ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി.ടി. രവി കുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് പുനഃപരിശോധനാ ഹർജി ഇന്ന് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രമണ നാളെ വിരമിക്കുന്നതിനാൽ ഹർജിയിൽ വാദം കേൾക്കുന്ന ബെഞ്ചിൽ മറ്റൊരു ജഡ്ജിയാകും ഇനി ഉണ്ടാകുക.