ഡികെ ശിവകുമാറിന് ഇ.ഡിയുടെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം
ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് കേന്ദ്ര അന്വേഷണ ഏജൻസി നോട്ടീസ് നൽകിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. ഇക്കാര്യം ഡികെ ശിവകുമാറും സ്ഥിരീകരിച്ചു. എന്നാൽ, ചോദ്യം ചെയ്യലിനായി വിളിപ്പിച്ച സമയം നോക്കൂ എന്ന് അദ്ദേഹം പ്രതികരിച്ചു.
അന്വേഷണ ഏജൻസിയുമായി സഹകരിക്കും. എന്നാൽ ഭാരത് ജോഡോ യാത്രയും കർണാടക നിയമസഭാ സമ്മേളനവും നടക്കുന്നതിനിടെയാണ് നോട്ടീസ്. ഇതിന് പിന്നിൽ ചിലരുടെ നീക്കങ്ങളാണെന്ന് അദ്ദേഹം സൂചന നൽകി. ഇ.ഡി തന്നെ നിരന്തരം ഉപദ്രവിക്കുകയാണ്. ചില രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ തനിക്ക് കഴിയുന്നില്ലെന്നും ഡികെ പറഞ്ഞു.
ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് എത്താനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ശിവകുമാറിനെതിരെ നേരത്തെ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ന്യൂഡൽഹിയിലെ കർണാടക ഭവനിലെ ജീവനക്കാരനായ ഹോമൻ തായയും മറ്റ് ചില ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. 2018 സെപ്റ്റംബറിലാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്. ആദായനികുതി വകുപ്പും ഇതേ വിഷയത്തിൽ കേസെടുത്തിരുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ബെംഗളൂരുവിലെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.