എഡ് ഷീറന്റെ പാട്ടുകള്‍ മോഷ്ടിച്ച് ഡാര്‍ക്ക് വെബ്ബില്‍ വിറ്റു; പ്രതിക്ക് തടവ് ശിക്ഷ

ഗായകൻ എഡ് ഷീറന്റെ റിലീസ് ചെയ്യാത്ത പാട്ടുകൾ മോഷ്ടിച്ച് ഡാർക്ക് വെബിൽ വിൽപ്പന നടത്തിയ ഹാക്കർക്ക് 18 മാസം തടവ് ശിക്ഷ. അഡ്രിയാൻ വ്യാസോവ്‌സ്‌കിയാണ് ഷീറന്റെ പാട്ടുകളും റാപ്പർ ലിൽ ഉസിവെർട്ടിന്‍റെ 12 ഗാനങ്ങളും ക്രിപ്റ്റോകറൻസിക്ക് വേണ്ടി കച്ചവടം ചെയ്തത്.

ഗായകരുടെ ഡിജിറ്റൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്താണ് 23 കാരനായ പ്രതി പാട്ടുകൾ മോഷ്ടിച്ചത്. ഇയാൾക്കെതിരെ 19 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 1.20 കോടിയിലധികം രൂപയാണ് ഇയാൾ ഡാർക്ക് വെബിലൂടെ സ്വന്തമാക്കിയത്. പ്രതിയുടെ ആപ്പിൾ മാക് ലാപ്ടോപ്പിൽ നിന്ന് ഷീറന്റെയും വെര്‍ട്ടിന്റേയും പാട്ടുകൾ ഉൾപ്പെടെ 565 ഓളം ഓഡിയോ ഫയലുകളും പൊലീസ് കണ്ടെത്തി.

സ്പൈർഡാർക്ക് എന്നറിയപ്പെടുന്ന ഒരാൾ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും ഉള്ളടക്കം വിൽക്കുകയും ചെയ്തുവെന്ന് ആരോപിച്ച് നിരവധി സംഗീതജ്ഞരുടെ മാനേജ്മെന്‍റുകൾ ന്യൂയോർക്ക് ഡിസ്ട്രിക്റ്റ് അറ്റോർണിക്ക് മുമ്പാകെ പരാതി നൽകിയതിനെ തുടർന്ന് 2019 ൽ യുഎസ് അധികൃതർ സംഭവത്തെക്കുറിച്ച് ആദ്യം അന്വേഷണം ആരംഭിച്ചു.