സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ഉന്നമിട്ട് ഇഡി
ന്യൂഡൽഹി: സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ മുഖ്യമന്ത്രിക്ക് എതിരെയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ അറിയിച്ചു. രേഖകളുടെ പിൻബലമില്ലാതെ മുഖ്യമന്ത്രിയുടെ പേര് അനാവശ്യമായി കോടതിയിൽ ഉന്നയിക്കരുതെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു.
അതേസമയം, സ്വർണക്കടത്ത് കേസിലെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജി ഒക്ടോബർ 20ന് പരിഗണിക്കുന്നതിനായി സുപ്രീം കോടതി മാറ്റി. ഇ.ഡിയുടെ ഹർജിയിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോടും എം.ശിവശങ്കറിനോടും കോടതി നിർദ്ദേശിച്ചു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നതെന്ന് ട്രാൻസ്ഫർ ഹർജിയിൽ ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. മുഖ്യമന്ത്രിക്ക് പുറമെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി, മുൻ സ്പീക്കർ, മുൻ മന്ത്രി എന്നിവർക്കെതിരെയും ആരോപണങ്ങളുണ്ടെന്ന് അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ സോളിസിറ്റർ ജനറൽ മുഖ്യമന്ത്രിയുടെ പേര് പരാമർശിച്ചതിനെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ശക്തമായി എതിർത്തു. സിബൽ വാദത്തിനിടെ നടത്തിയ ഇടപെടലിൽ അതൃപ്തിയുണ്ടെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.