ഇടമലയാർ ഡാം ; ജലനിരപ്പിൽ വർധനയുണ്ടാകാത്തത് ആശ്വാസം

കൊച്ചി: ഇടമലയാർ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്ന് 350 ക്യുമെക്സ് വെള്ളം തുറന്നുവിട്ടെങ്കിലും ജലനിരപ്പ് ഉയരാത്തത് ആശ്വാസമായി. രാവിലെ തുറന്നുവിടുന്ന വെള്ളം ഉച്ചയോടെ മാത്രമേ കാലടിയിലെത്തുകയുള്ളൂവെന്ന് കണക്കാക്കിയിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര വെള്ളമെത്തിയില്ല എന്ന് മാത്രമല്ല, വൈകുന്നേരത്തോടെ പെരിയാറിലെ ജലനിരപ്പ് കുറയുകയും ചെയ്തു. എന്നിരുന്നാലും, പെരിയാറിലെ ചെളിയുടെ അളവ് ഗണ്യമായി വർദ്ധിച്ചു.

വെള്ളത്തിലെ ചെളിയുടെ അളവ് 65 എൻടിയു ആണ്. ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ വെള്ളം കയറി. ആന്‍റണി ജോൺ എം.എൽ.എയുടെയും കളക്ടറുടെയും സാന്നിധ്യത്തിൽ ഇന്നലെ രാവിലെ 10 മണിയോടെയാണ് ഇടമലയാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നത്.

ആദ്യഘട്ടത്തിൽ രണ്ട് ഷട്ടറുകളും 50 സെന്‍റീമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 67 ക്യുമെക്സ് വെള്ളം പുറത്തേക്കൊഴുക്കി. വൈകുന്നേരത്തോടെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് കളക്ടർ രേണു രാജ് പറഞ്ഞു.