കലോത്സവുമായി ബന്ധപ്പെട്ട അപ്പീലുകളിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിലെ അപ്പീലുകളുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ കലോത്സവം ആർഭാടത്തിനും പ്രദർശനത്തിനും അനാരോഗ്യകരമായ മത്സരത്തിനും വേദിയാകരുത്. കലോത്സവത്തിൽ വിജയമല്ല പങ്കാളിത്തമാണ് പ്രധാനമെന്ന കോടതിയുടെ നിരീക്ഷണം വളരെ പ്രസക്തമാണെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

“മേളയിൽ ആരോഗ്യകരമായ മത്സരം ഉണ്ടാകണം. പൊതുവിദ്യാഭ്യാസ വകുപ്പ് സ്റ്റേജ് സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണം. വിജയവും പരാജയവും ആപേക്ഷികമാണ്. മത്സരത്തിലെ പങ്കാളിത്തമാണ് പ്രധാനം. പൊതുവിദ്യാഭ്യാസ വകുപ്പ് അവസരങ്ങളുടെ തുല്യത ഉറപ്പാക്കും,” മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.