കനത്ത മഴയെ തുടർന്ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, മലപ്പുറം ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കുമെന്ന് കളക്ടർമാർ അറിയിച്ചു. ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലെ അഞ്ച് ഡാമുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പൊൻമുടി, കല്ലാർകുട്ടി, തിരുവയാർ, പാംബ്ല, കണ്ടല, മൂഴിയാർ, പെരിങ്ങൽക്കുത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതുവരെ 21 ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ അരുവിക്കര, പേപ്പാറ, നെയ്യാർ ഡാമുകളുടെയും പത്തനംതിട്ടയിലെ മണിയാർ, മൂഴിയാർ ഡാമുകളുടെയും ഇടുക്കിയിലെ പൊൻമുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, മലങ്കര ഡാമുകളുടെയും ഷട്ടറുകളാണ് ഉയർത്തിയത്.