കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കൊച്ചി: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കുക, പാഠ്യപദ്ധതിയിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരിക, ഉന്നത വിദ്യാഭ്യാസ മേഖലയും വ്യാവസായിക മേഖലയും തമ്മിൽ ജൈവിക ബന്ധങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ നേരത്തെ മൂന്ന് കമ്മീഷനുകളെ നിയോഗിച്ചിരുന്നു. ആ കമ്മീഷനുകളുടെയെല്ലാം റിപ്പോർട്ടുകൾ നടപ്പാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് മുൻഗണന നൽകുകയും മെച്ചപ്പെട്ട സാമ്പത്തിക സഹായം നൽകുകയും ചെയ്യും. ആ മേഖലയുടെ ഗുണനിലവാരവും മാനുഷിക മൂല്യവും ഉറപ്പാക്കും.
സർക്കാർ ഖജനാവിലെ പണം നിർദ്ദിഷ്ട ആവശ്യത്തിനായി ഉപയോഗിക്കാനുള്ള ഉത്തരവാദിത്തം എല്ലായ്പ്പോഴും സർക്കാരിനുണ്ട്. അക്കാദമിക കാര്യങ്ങളിൽ സർവകലാശാലകൾക്ക് പൂർണ സ്വാതന്ത്ര്യം ലഭിക്കും. അത് ഉറപ്പാക്കാനും സർക്കാർ ശ്രമിക്കും. കോളേജുകളുടെയും സർവകലാശാലകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതി സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.