ബലിപെരുന്നാൾ: ഒമാനിലെ വിമാനത്താവളങ്ങളിൽ വൻ തിരക്ക്

മ​സ്‌​ക​ത്ത്: ബ​ലി​പെ​രു​ന്നാ​ൾ അവധി ആരംഭിച്ചതോടെ ഒമാനിലെ വിവിധ വിമാനത്താവളങ്ങളിൽ തിരക്ക് അനുഭവപ്പെടാൻ തുടങ്ങി. അഞ്ച് ദിവസത്തെ അവധി പ്രയോജനപ്പെടുത്തുകയാണ് കേരളത്തിലേക്കടക്കം നിരവധി പേർ. പെരുന്നാൾ ആഘോഷിക്കാൻ ദുബായ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരാണ് സ്വദേശികൾ. മധ്യവേനലവധിയുടെ ഭാഗമായി സ്കൂൾ അടച്ചതോടെ നല്ലൊരു ശതമാനം മലയാളികൾ ഇതിനകം രാജ്യം വിട്ടിരുന്നു.

കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി ഇവരിൽ ഭൂരിഭാഗം പേർക്കും നാട്ടിലേക്ക് പോകാൻ കഴിഞ്ഞിട്ടില്ല. തിരക്ക് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യാത്രക്കാർ വിമാനത്താവളങ്ങളിൽ നേരത്തെ എത്തണമെന്ന് അധികൃതർ നിർദേശിച്ചിരുന്നു. മസ്കറ്റ് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ വിദേശ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടപ്പോൾ സലാലയിൽ ടൂറിസ്റ്റുകളുടെ ഒഴുക്ക് വർധിച്ചു. വ​ഖ​രീ​ഫ്​ സീസൺ ആരംഭിച്ചതോടെ ജി.സി.സി രാജ്യങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ സലാലയിലേക്ക് വരുന്നുണ്ട്.

നിരവധി എയർലൈനുകൾ സലാലയിലേക്ക് പ്രത്യേക സർവീസുകളും നടത്തുന്നുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ പേർ സലാലയിൽ എത്തും.