ഏക്‌നാഥ് ഷിൻഡെയുടെ പാര്‍ട്ടിക്ക് വാളും പരിചയും ചിഹ്നം; എതിർപ്പുമായി സിഖ് സമുദായം

മുംബൈ: ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബാലാസാഹേബ് ശിവസേന പക്ഷത്തിന് നൽകിയ ചിഹ്നത്തിനെതിരെ സിഖ് സമുദായ നേതാക്കൾ രംഗത്തെത്തി. ബാലാസാഹേബ് ശിവസേനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചിഹ്നം രണ്ട് വാളും പരിചയുമാണ്.

ഏക്നാഥ് ഷിൻഡെയുടെ പാർട്ടിക്ക് സിഖ് സമൂഹത്തിന്‍റെ ആചാരപ്രകാരമുള്ള ഖൽസ പന്തിന്‍റെ ചിഹ്നം നൽകിയെന്നാണ് സിഖ് സമുദായത്തിന്‍റെ വാദം. അതേസമയം, ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് (ഉദ്ധവ് ബാലാസാഹേബ് താക്കറെ) അനുവദിച്ച ജ്വലിക്കുന്ന പന്തം ചിഹ്നത്തിനെതിരെ സമതാ പാർട്ടി എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

പ്രാദേശിക കോൺഗ്രസ് നേതാവ് രഞ്ജിത്സിംഗ് കാംതേകർ മതപരമായ അർത്ഥമുള്ളതിനാൽ ചിഹ്നം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. പരാതി പരിഗണിച്ചില്ലെങ്കിൽ അടുത്ത ഘട്ടമെന്ന നിലയിൽ കോടതിയെ സമീപിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.