ഇലന്തൂര്‍ നരബലിക്കേസ്; മൂന്നാംപ്രതി ലൈലയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്ത്രീയാണെന്ന പരിഗണന നൽകി ജാമ്യം അനുവദിക്കണമെന്നായിരുന്നു ലൈലയുടെ ആവശ്യം. കേസിലെ മൂന്നാം പ്രതിയാണ് ലൈല. പത്മ, റോസ്ലിൻ എന്നിവരെ നരബലിക്ക് ഇരയാക്കിയ കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ലൈല ജാമ്യം തേടി കോടതിയെ സമീപിച്ചത്.

ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പ്രതികൾക്കെതിരായ എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ സംഘം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം തേടി രണ്ട് മാസം മുമ്പ് ലൈല എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കേസിലെ മുഖ്യപ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാൻ ഗൂഡാലോചന നടത്തുക മാത്രമാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ ജാമ്യത്തിന് അപേക്ഷ നൽകിയത്. എന്നാൽ കോടതി ഇത് അംഗീകരിക്കാൻ വിസമ്മതിക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്തു.