ഇലന്തൂർ നരബലിക്കേസ്; രണ്ടാം കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തു

കൊച്ചി: പത്തനംതിട്ട ഇലന്തൂർ നരബലി കേസിലെ പ്രതികളുടെ രണ്ടാം കസ്റ്റഡി, കേസന്വേഷണത്തിൽ കൂടുതൽ നിർണ്ണായകമാണെന്ന് പൊലീസ്. പ്രതികൾ നടത്തിയ രണ്ടാമത്തെ കൊലപാതകമാണ് പത്മയുടേതെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് പ്രതികളെ റിമാൻഡ് ചെയ്ത് കസ്റ്റഡിയിൽ എടുത്ത് 12 ദിവസം ചോദ്യം ചെയ്തത്. റോസ്ലിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കാലടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്നലെ വീണ്ടും പ്രതികളുടെ അറസ്റ്റ്.

കേസിലെ മൂന്ന് പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതോടെ ആദ്യ കേസിൽ വെളിപ്പെടുത്താത്ത പല രഹസ്യങ്ങളും പുറത്തുകൊണ്ടുവരാനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. റോസ്ലിയും പത്മയും അല്ലാതെ മറ്റാരെയെങ്കിലും പ്രതികൾ കൊലപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. ഇലന്തൂരിലെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിൽ രണ്ട് പേരുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നാണ് പൊലീസിന്‍റെ നിഗമനം. അവിടെ നിന്ന് ശേഖരിച്ച ഡിഎൻഎ സാമ്പിളുകളുടെ പരിശോധനാ ഫലം പുറത്തുവന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും.

ആദ്യഘട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം തിങ്കളാഴ്ച പ്രതികളെ വീണ്ടും റിമാൻഡ് ചെയ്തു. ഡിസിപി എസ് ശശിധരനാണ് രണ്ട് കേസുകളുടെയും മേൽനോട്ടച്ചുമതല. പത്മയുടെ സ്വർണ്ണാഭരണങ്ങൾ ഒന്നാം പ്രതി ഷാഫി പണയപ്പെടുത്തിയപ്പോൾ രണ്ടും മൂന്നും പ്രതികളായ ഭഗവൽസിങ്ങും ഭാര്യ ലൈലയും പത്തനംതിട്ടയിൽ റോസ്ലിയുടെ ആഭരണങ്ങൾ പണയപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ മുഴുവൻ ശരീരഭാഗങ്ങളും വീണ്ടെടുക്കാൻ കഴിയാത്തതിന് കാരണവും രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ അറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.