ഇലന്തൂർ നരബലി; കുറ്റപത്രം രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കുമെന്ന് സർക്കാർ

കൊച്ചി: നാടിനെ ഒന്നടങ്കം ഞെട്ടിച്ച ഇലന്തൂർ ഇരട്ടനരബലി കേസിൽ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇലന്തൂരിൽ നടന്നത് മനുഷ്യബലിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം 56 കഷണങ്ങളാക്കി പ്രതികൾ കുഴിച്ചിട്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

എങ്ങനെയാണ് ഇത്രയധികം ശരീരഭാഗങ്ങൾ പുറത്തെടുത്തതെന്ന് കോടതി ചോദിച്ചു. പ്ലാസ്റ്റിക് ബാഗിലാക്കി കുഴിച്ചിട്ടതാണെന്നായിരുന്നു സർക്കാരിന്റെ മറുപടി.

കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷയെ സർക്കാർ കോടതിയിൽ എതിർത്തു. മനുഷ്യബലിയിൽ ലൈലയ്ക്ക് സജീവ പങ്കുണ്ടെന്നും സമൂഹത്തെ ഞെട്ടിച്ച കൊലപാതകമാണിതെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, ഓരോ മരണവും സമൂഹത്തെ ഞെട്ടിക്കുന്നതാണെന്ന് കോടതി മറുപടി നൽകി. പ്രതികൾക്കെതിരെ ധാരാളം ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്നും സർക്കാർ പറഞ്ഞു.