ഇലന്തൂർ നരബലി; ഷാഫി 75കാരിയെ പീഡിപ്പിച്ച കേസിലും പ്രതി
കൊച്ചി: രണ്ട് സ്ത്രീകളെ നരബലി നൽകിയ കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കോലഞ്ചേരിയിൽ 75കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ഇയാളെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം. രണ്ട് വർഷം മുമ്പ് 2020 ഓഗസ്റ്റിലാണ് ക്രൂരമായ പീഡനം നടന്നത്. പ്രതി വൃദ്ധയെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫിയെ ഒരു വർഷത്തിന് ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
പത്തനംതിട്ട ഇലന്തൂരിലാണ് ഇരട്ട നരബലി നടന്നത്. സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബ സമൃദ്ധിക്കും വേണ്ടി രണ്ട് സ്ത്രീകളെ ബലിയർപ്പിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ മനുഷ്യബലിക്ക് ഉപദേശിക്കുകയും സ്ത്രീകളെ എത്തിച്ച് നൽകുകയും ചെയ്ത കടവന്ത്ര സ്വദേശി മുഹമ്മദ് ഷാഫി എന്ന റഷീദും പിടിയിലായി. വ്യാജ സിദ്ധനായ റഷീദാണ് മനുഷ്യബലിയുടെ ആസൂത്രണത്തിനും നടത്തിപ്പിനും പിന്നിലെ ബുദ്ധികേന്ദ്രം.
ലോട്ടറി വിലപ്പനക്കാരായ പത്മയെയും റോസിലിയെയും ഭഗവൽ സിംഗിൻ്റെ വീട്ടിൽ വച്ചാണ് മൂവരും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. മൂന്ന് പ്രതികളും കുറ്റം പൊലീസിനോട് സമ്മതിച്ചു. ജൂണിലും സെപ്റ്റംബറിലും ഭഗവൽ സിംഗിൻ്റെ വീട്ടിൽ വെച്ച് ഇയാൾ ആഭിചാരക്രിയ നടത്തി സ്ത്രീകളെ ശരീരത്തിൽ കത്തി കുത്തിയിറക്കി കൊന്നുവെന്നും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നും ആണ് കുറ്റസമ്മതം. റോസ്‌ലിനെ കാണാനില്ലെന്നുകാട്ടി മകളും പത്മയെ കാണാനില്ലെന്ന് സഹോദരിയും നൽകിയ പരാതികളിൽ പൊലീസ് നടത്തിയായ അന്വേഷണത്തിലാണ് നരബലിയുടെ രഹസ്യം പുറത്ത് വന്നത്. മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.