ഇലന്തൂർ നരബലി; പ്രതികളെ ഇന്ന് കോടതിയിലെത്തിക്കും
പത്തനംതിട്ട: കുടുംബ സമൃദ്ധിക്ക് വേണ്ടി നരബലി നടത്തിയ ശേഷം എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ കുഴിച്ചിട്ട കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഭഗവൽ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ഏജന്‍റും ആസൂത്രകനുമായ മുഹമ്മദ് ഷാഫി എന്നിവരെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. പ്രതികളുടെ സാന്നിധ്യത്തിൽ ഇന്നലെ പത്തനംതിട്ടയിൽ നിന്നാണ് മൃതദേഹം പുറത്തെടുത്തത്.
കടവന്ത്ര സ്വദേശി പദ്മം, തൃശൂർ സ്വദേശി റോസിലി എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ജൂണ് എട്ടിന് റോസിലിയും സെപ്റ്റംബർ 26ന് പത്മയും കൊല്ലപ്പെട്ടതായാണ് കരുതുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. പെരുമ്പാവൂരിലും എറണാകുളം നഗരത്തിലുമായി വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി ഇടുക്കി സ്വദേശിയാണ്.