മോഷണത്തിനിടെ വൃദ്ധദമ്പതികളെ കൊലപ്പെടുത്തി; മുഖ്യപ്രതി പന്ത്രണ്ട് വയസുകാരൻ

ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കവർച്ചയ്ക്കിടെ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ 12 വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയായ 12 വയസുകാരനാണ് കവർച്ചയുടെയും കൊലപാതകത്തിന്‍റെയും മുഖ്യസൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. 12 വയസുകാരനെ കൂടാതെ ഇയാളുടെ കൂട്ടാളികളായ മഞ്ചേഷ്, ശിവം എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

നവംബർ 22നാണ് ആക്രി വ്യാപാരിയായ ഇബ്രാഹിമിനെയും (60) ഭാര്യ ഹസ്രയെയും ഗാസിയാബാദിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇബ്രാഹിമിന്‍റെ മൃതദേഹം വീടിനുള്ളിലും ഭാര്യയുടെ മൃതദേഹം ഒഴിഞ്ഞ പറമ്പിലെ ശുചിമുറിക്ക് സമീപത്തും ആണ് കണ്ടെത്തിയത്. അവരുടെ കഴുത്തിൽ തുണി ചുറ്റിയ നിലയിൽ ആയിരുന്നു.

ദമ്പതികളെ നേരത്തെ പരിചയമുള്ള 12 വയസുകാരനാണ് കവർച്ച ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രി വിൽപ്പനയിലൂടെ ഇബ്രാഹിം ധാരാളം പണം സമ്പാദിച്ചിട്ടുണ്ടെന്ന് 12 വയസുകാരന് അറിയാമായിരുന്നു. കവർച്ചയ്ക്കായി മൂന്നുപേരെ കൂടെ കൂട്ടി. എന്നാൽ കവർച്ചാ ശ്രമം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.