എൽദോസ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ട; സാക്ഷികളുടെ മൊഴി രേഖപെടുത്താൻ പൊലീസ്

കൊച്ചി: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിലിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് അന്വേഷണ സംഘം. ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ നേരത്തെ നിർദേശം നൽകിയിരുന്നു. ചില സാക്ഷികളുടെ മൊഴി രേഖപ്പെടുത്തേണ്ടതിനാലാണ് ഇന്ന് ഹാജരാകേണ്ടെന്ന് പൊലീസ് എൽദോസിനോട് പറഞ്ഞത്.

എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുമായി പൊലീസ് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. കോവളം ഗസ്റ്റ് ഹൗസും സൂയിസൈഡ് പോയിന്‍റും ഉൾപ്പെടെ പരാതിക്കാരിയുടെ മൊഴിയിൽ പറഞ്ഞ സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്ക് നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ സർക്കാർ തയ്യാറെടുക്കുന്നതിനിടെയാണ് തെളിവെടുപ്പ്. എൽദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.