എല്‍ദോസ് പാര്‍ട്ടിക്ക് വിശദീകരണം നല്‍കി; വായിച്ചതിന് ശേഷം നടപടിയെന്ന് സുധാകരന്‍

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎ കെപിസിസിക്ക് വിശദീകരണം നൽകിയതായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. മറുപടി വായിക്കാൻ കഴിഞ്ഞില്ലെന്നും അത് പരിശോധിച്ച് മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.

എൽദോസിന്‍റെ നടപടി ന്യായീകരിക്കുന്നില്ല. എൽദോസിന്‍റെ നടപടി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നത് സത്യമാണ്. വിശദീകരണം പരിശോധിച്ച ശേഷം പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്ത ശേഷം നടപടി സ്വീകരിക്കും. ജാമ്യാപേക്ഷയിലെ കോടതി നടപടി നോക്കുന്നില്ലെന്നും വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്നും കെ സുധാകരൻ വ്യക്തമാക്കി.

അതേസമയം, പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വൈകിട്ട് മൂന്ന് മണിക്ക് വിധി പറയും. എം.എൽ.എയ്ക്കെതിരായ വധശ്രമക്കേസ് ഉൾപ്പെടെയുള്ള പുതിയ വകുപ്പുകളുടെ വിശദാംശങ്ങൾ പൊലീസ് കോടതിയിൽ സമർപ്പിച്ചു. ഇതും കൂടി പരിശോധിച്ച ശേഷമായിരിക്കും വിധി പറയുക. ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്‍റെ ഭാഗം കേൾക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നെങ്കിലും മുൻകൂർ ജാമ്യാപേക്ഷയോടൊപ്പം കോടതി ഇക്കാര്യം പരിഗണിക്കാൻ സാധ്യതയില്ല.