പീഡന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി എൽദോസ് കുന്നപ്പള്ളി

തിരുവനന്തപുരം: പീഡനക്കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് എൽദോസ് കുന്നപ്പള്ളി ജാമ്യാപേക്ഷ നൽകിയത്. ആലുവ സ്വദേശിയായ അധ്യാപികയുടെ പരാതിയിൽ എൽദോസ് കുന്നപ്പള്ളി എം.എൽ.എയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു.

എൽദോസ് കുന്നപ്പള്ളി വിവാഹവാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആലുവ സ്വദേശിനിയായ യുവതി പരാതി നൽകിയത്. കേസ് ഒത്തുതീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കേസ് രജിസ്റ്റർ ചെയ്യാതെ ഒത്തുതീർപ്പിന് കോവളം പൊലീസ് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറയുന്നു.

എറണാകുളം ജില്ലയിലെ പ്രമുഖ യുവനേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ കോൺഗ്രസ് നേതാവിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, തട്ടിക്കൊണ്ടുപോകൽ, അതിക്രമിച്ച് കടക്കൽ, ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം കോവളം പൊലീസിന് വിശദമായ മൊഴി നൽകുന്നതിനിടെ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.