എൽദോസ് കുന്നപ്പിള്ളി പ്രതിയായ ബലാൽസംഗ കേസ്; കേസിലെ എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി
കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ, പരാതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. പ്രോസിക്യൂഷൻ സമർപ്പിച്ച കേസ് ഡയറി ഉൾപ്പടെ നാളെ സമർപ്പിക്കാനാണ് നിർദ്ദേശം. കേസ് പരിഗണിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ രേഖകൾ ഹാജരാക്കണം. എം.എൽ.എയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയും സർക്കാരും നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്.
കഴിഞ്ഞ ദിവസം പ്രോസിക്യൂഷനും പരാതിക്കാരിയും കോടതിയിൽ ഉന്നയിച്ച വാദങ്ങൾക്കെതിരെ എൽദോസ് കുന്നപ്പിള്ളിയുടെ എതിർവാദം ഇന്ന് കോടതിയിൽ നടന്നു. പരാതിക്കാരിക്ക് 49 കേസുകളിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് എൽദോസ് കോടതിയിൽ വാദങ്ങൾ ഉന്നയിച്ചത്. ഇക്കാര്യം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഈ വാദത്തെ എതിർക്കുക എന്നതായിരുന്നു പ്രോസിക്യൂഷന്‍റെ നിലപാട്. ഈ വിഷയങ്ങൾ കീഴ്‌ക്കോടതി പരിശോധിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ഇത് ഇവിടെ പരിശോധിക്കുന്നതിന് എന്താണ് തടസ്സമെന്ന് ഹൈക്കോടതി ചോദിച്ചു.
കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നാളെ ഹാജരാക്കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിർദ്ദേശം നൽകി. ഇക്കാര്യം ഉറപ്പാക്കാൻ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയോടും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.