പരാതിക്കാരിക്കെതിരെ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഭാര്യയുടെ പരാതി

പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ എം.എൽ.എയുടെ ഭാര്യയുടെ പരാതി. എൽദോസ് കുന്നപ്പിള്ളിയുടെ പക്കൽ നിന്ന് യുവതി ഫോൺ മോഷ്ടിച്ചെന്നാണ് പരാതി. ഭർത്താവിനെ ഭീഷണിപ്പെടുത്തുന്നുവെന്നും വ്യാജപരാതി നൽകിയെന്നും കാണിച്ച് ഭാര്യ മറിയാമ്മ എൽദോസ് കുറുപ്പംപടി പൊലീസിൽ പരാതി നൽകി. ഫോൺ വീണ്ടെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന അധ്യാപികയുടെ പരാതിയിൽ എം.എൽ.എക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് എൽദോസ് കുന്നപ്പിള്ളിയുടെ ഭാര്യ യുവതിക്കെതിരെ പരാതി നൽകിയത്. എൽദോസിന്‍റെ ഫോൺ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പ്രവർത്തനങ്ങൾ നടത്തുന്നതായും പരാതിയിൽ പറയുന്നു.

എന്നാൽ എൽദോസ് കുന്നപ്പിള്ളി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ എൽദോസ് മുൻകൂർ ജാമ്യത്തിനായി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. കേസ് കോടതി ശനിയാഴ്ച പരിഗണിക്കും.