എൽദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമക്കുറ്റവും ചുമത്തും
തിരുവനന്തപുരം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരെ കൂടുതൽ തെളിവുകൾ. എൽദോസിന്‍റെ വസ്ത്രങ്ങൾ പരാതിക്കാരിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചു. എൽദോസിന്‍റെ ടി-ഷർട്ട് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ പരാതിക്കാരിയുടെ പേട്ടയിലെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
ഒരു മദ്യക്കുപ്പിയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മദ്യക്കുപ്പിയിലെ വിരലടയാളം എൽദോസിന്‍റേതാണോയെന്ന് പരിശോധിക്കും. സെപ്റ്റംബർ 15ന് വീട്ടിലെത്തിയപ്പോൾ ഉപേക്ഷിച്ചിട്ടു പോയതാണ് ഇവയെന്നാണ് യുവതിയുടെ മൊഴി. ഇതിനെ സാധൂകരിക്കുന്ന മറ്റ് ചില തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ഒളിവിലുള്ള എൽദോസ് കുന്നപ്പിള്ളിയെ പിടികൂടാനായില്ലെങ്കിലും തെളിവുകൾ പരമാവധി ശക്തമാക്കുകയാണ് അന്വേഷണ സംഘം. എം.എൽ.എയ്ക്കെതിരെ വധശ്രമക്കുറ്റം ചുമത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.