കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്; സമവായ സ്ഥാനാർത്ഥിയാകാൻ തരൂർ

ഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസിൽ അനിശ്ചിതത്വം നിലനിൽക്കെ സമാവയ സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തേടി ശശി തരൂർ. മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടുമായും തരൂർ കൂടിക്കാഴ്ച നടത്തി. ജി-23 കൂട്ടായ്മയുടെ മാത്രം സ്ഥാനാർത്ഥിയായി മത്സരിക്കാൻ താത്പര്യമില്ലെന്ന നിലപാടിലാണ് തരൂർ.

പാർട്ടി അധ്യക്ഷനാകില്ലെന്ന നിലപാടിൽ നിന്ന് രാഹുൽ ഗാന്ധി പിന്നോട്ട് പോയിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാർട്ടിയിലെ മുഴുവൻ ആളുകൾക്കും അദ്ദേഹം മടങ്ങിവരണമെന്നാണ് ആഗ്രഹമെങ്കിലും ഗാന്ധി കുടുംബത്തിനു പുറത്ത് നിന്നുള്ള ഒരാൾ അധ്യക്ഷനാകണമെന്ന നിർദേശം രാഹുൽ ആവർത്തിക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു.

രാഹുലിന്‍റെ അഭാവത്തിൽ അശോക് ഗെഹ്ലോട്ടിനെ ഔദ്യോഗിക പക്ഷത്തിന്‍റെ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. എന്നാൽ താൻ മത്സരരംഗത്തില്ലെന്ന് ഗെഹ്ലോട്ട് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമവായ സ്ഥാനാർത്ഥിയാകാം എന്നതാണ് ഗെഹ്ലോട്ട് മുന്നോട്ട് വെയ്ക്കുന്നത്. ഡൽഹിയിൽ ചികിത്സയിൽ കഴിയുന്ന സോണിയ ഗാന്ധി തിരിച്ചെത്തിയ ഉടൻ തന്നെ ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.