ബഹിരാകാശദൗത്യ സാങ്കേതിക വിദ്യയിൽ ഇലക്ട്രിക് കാര്‍ അതിവേഗം ചാർജ് ചെയ്യാനായേക്കും
വാഷിങ്ടണ്‍: ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ഇലക്ട്രിക് കാറുകളുടെ ബാറ്ററി വേഗത്തിൽ ചാർജ്ജ് ചെയ്യാം. നാസയുടെ സഹായത്തോടെ യുഎസിലെ പജ്യൂ സർവകലാശാലയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഫ്ളോ ബോയിലിംഗ് ആൻഡ് കണ്‍ഡന്‍സേഷന്‍ എക്സ്പെരിമെന്‍റ് (എഫ്ബിസിഇ) ഇതിനുള്ള സാധ്യതകൾ തുറക്കുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ഭാരമില്ലാത്ത അന്തരീക്ഷത്തിൽ ദ്രവസംവഹന, താപകൈമാറ്റ പരീക്ഷണങ്ങള്‍ നടത്തുന്നതിനുള്ള സംവിധാനമാണിത്. ഇത് ഊർജ്ജ കൈമാറ്റത്തിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും താപനില നിയന്ത്രിക്കാനും സഹായിക്കുകയും ചെയ്യും.
എഫ്.ബി.സി.ഇ.ക്ക് ഭൂമിയിലും പ്രായോഗിക ഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഏറ്റവും പ്രധാനം ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് ആണ്. അമിത ചാർജിംഗ് സമയവും ചാർജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തതയും ആളുകളെ ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നു. അഞ്ച് മിനിറ്റിനുള്ളിൽ ചാർജ്ജ് ചെയ്യാൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യ ഇതിന് പരിഹാരമായേക്കും.