ഇലക്ട്രിക് ആഡംബര കാറായ സീക്കർ 009 അവതരിപ്പിച്ചു

ചൈന: ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ സീക്കർ തങ്ങളുടെ രണ്ടാമത്തെ കാറായ 009 പുറത്തിറക്കി. മൾട്ടി പർപ്പസ് വെഹിക്കിൾ വിഭാഗത്തിൽ ഇലക്ട്രിക് ആഡംബര കാറായാണ് സീക്കർ 009 അവതരിപ്പിച്ചിരിക്കുന്നത്. ചൈനീസ് വാഹന നിർമാതാക്കളായ ഗീലിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ഇലക്ട്രിക് വാഹന ഡിവിഷനാണ് സീക്കർ.

സീക്കറുടെ ആദ്യ കാർ, 001, രൂപകൽപ്പനയിലും സൗകര്യങ്ങളിലും അതിശയിപ്പിച്ചിരുന്നു. 009 ഒട്ടും പിന്നിലല്ല. എന്നിരുന്നാലും, സീക്കർ 009 ആദ്യത്തേതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. 5209 എംഎം നീളവും 2024 എംഎം വീതിയും 1867 എംഎം ഉയരവുമാണ് ആഡംബര കാറിനുള്ളത്. വീൽബേസ് 3205 മില്ലീമീറ്റർ ആണ്. മൂന്ന് നിരകളിലായാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോ നിരയിലും രണ്ട് സീറ്റുകളുണ്ട്. ആവശ്യമെങ്കിൽ, ഓരോ വരിയിലും രണ്ട് സീറ്റുകൾ വീതമുള്ള രണ്ട് വരിയായും സീറ്റുകൾ ക്രമീകരിക്കാം. 

സീക്കർ 009 ന് 2830 കിലോഗ്രാം ഭാരമുണ്ടെങ്കിലും പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.5 സെക്കൻഡ് മതി. 536 ബിഎച്ച്പി പവറും 686 എൻഎം ടോർക്കുമേകുന്നതാണ് ഡ്യുവൽ മോട്ടോറുകൾ. ബാറ്ററി പാക്കിന്‍റെ ഭാരമാണ് വാഹനത്തിന്‍റെ പ്രധാന ഭാരം. രണ്ട് തരം ബാറ്ററി കപ്പാസിറ്റിയാണ് കമ്പനി നൽകുന്നത്. ചെറിയ 116 കിലോവാട്ട് ബാറ്ററിക്ക് ലിറ്ററിന് 702 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ടെങ്കിൽ 140 കിലോവാട്ട് ബാറ്ററിക്ക് ഒരൊറ്റ ചാർജിൽ 822 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ട്.