വൈദ്യതി ബില്ല് കുടിശ്ശികയായി; സർക്കാർ സ്കൂളിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി

മലപ്പുറം: വൈദ്യുതി ബിൽ കുടിശ്ശിക വരുത്തിയതിന് മലപ്പുറം പറപ്പൂർ പഞ്ചായത്തിലെ മുണ്ടോത്ത്പറമ്പ് സർക്കാർ സ്കൂളിന്‍റെ ഫ്യൂസ് കെ.എസ്.ഇ.ബി അധികൃതർ നീക്കം ചെയ്തു. ബില്ലടയ്ക്കാനുള്ള പണം പഞ്ചായത്ത് നൽകിയില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. വൈദ്യുതി വിതരണമില്ലാതെ വെള്ളത്തിന്‍റെയും വെളിച്ചത്തിന്‍റെയും അഭാവം മൂലം കുട്ടികൾ ദുരിതത്തിലായി.

പറപ്പൂർ പഞ്ചായത്ത് അധികൃതരുടെ പകപോക്കലാണ് സംഭവത്തിന് പിന്നിലെന്ന് പിടിഎ ഭാരവാഹികൾ ആരോപിച്ചു. കഴിഞ്ഞ മാസത്തെ ബിൽ തുകയായി 3217 രൂപ അടയ്ക്കണം. സ്കൂളിന് പണമില്ലെന്നും പഞ്ചായത്ത് നേരത്തെ നൽകിയ 17,000 രൂപയോളം കുടിശ്ശികയുണ്ടെന്നും അധ്യാപക- രക്ഷാകർതൃ സമിതി ആരോപിച്ചു.

വർഷങ്ങളായി പല പ്രശ്നങ്ങളെച്ചൊല്ലി പഞ്ചായത്തും സ്കൂളും തമ്മിൽ തർക്കങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ഈ വിഷയവും പകപോക്കലാണെന്ന് പി.ടി.എ ആരോപിക്കുന്നത്.