ട്വിറ്ററിലെ ജീവനക്കാർക്ക് നൽകാനുള്ള പണം എലോൺ മസ്ക് തടഞ്ഞുവെച്ചേക്കുമെന്ന് സൂചന

ലണ്ടൻ: എലോൺ മസ്ക് ട്വിറ്റർ ജീവനക്കാർക്ക് നൽകാനുള്ള പണം തടഞ്ഞുവച്ചേക്കുമെന്ന് സൂചന. മസ്ക് 100 മില്യൺ ഡോളർ ജീവനക്കാർക്ക് നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇത് പണമായി നൽകാനും മസ്ക് സമ്മതിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ പണം നൽകാതെ മസ്ക് ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ആശങ്ക.

മസ്ക് നിലവിൽ വിവിധ കമ്പനികളിൽ നിന്നുള്ള ജീവനക്കാരെ ട്വിറ്ററിൽ എത്തിച്ചിട്ടുണ്ട്. ടെസ്‍ല എഞ്ചിനീയർമാരോട് ട്വിറ്ററിൽ പ്രൊഡക്ട് മാനേജർമാരുമായി കൂടിക്കാഴ്ച നടത്താൻ മസ്ക് ആവശ്യപ്പെട്ടു. നേരത്തെ, സോളാർ പാനലുകൾ നിർമ്മിക്കുന്ന കമ്പനിയായ സോളാർ സിറ്റി ടെസ്‍ല ഏറ്റെടുത്തപ്പോൾ നഷ്ടപരിഹാരം നൽകുന്നതിൽ പ്രശ്നമുണ്ടായിരുന്നു.

അതേസമയം, സിഇഒ പരാഗ് അഗ്രവാളിന് ട്വിറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ കുറഞ്ഞത് 318 കോടി രൂപയെങ്കിലും ലഭിക്കാൻ സാധ്യതയുണ്ട്. ചീഫ് ലീഗൽ ഓഫീസർ വിജയ ഗാഡെയ്ക്ക് 12.5 മില്യൺ ഡോളർ ലഭിക്കും. ട്വിറ്ററിലെ ജീവനക്കാരുടെ കമ്പനിയിലെ ഓഹരി മൂല്യത്തിനനുസരിച്ചാണ് പണം ലഭിക്കുക.