ഇലോൺ മസ്കിൻ്റെ സമ്പത്തിൽ വൻ ഇടിവ്; ആസ്തി 2 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ
സാൻഫ്രാൻസിസ്കോ: ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം നഷ്ടപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴും എലോൺ മസ്കിന്‍റെ സമ്പത്ത് ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 7 ബില്യൺ ഡോളർ കൂടി നഷ്ടമായതോടെ ട്വിറ്റർ സിഇഒ ഇലോൺ മസ്‌കിൻ്റെ ആസ്തി രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി നിൽക്കുകയാണ്.
ഒക്ടോബറിനു ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ നഷ്ടമാണ് ഇന്നലെ ടെസ്‌ല ഓഹരികൾ നേരിട്ടത്. ടെസ്‌ല സിഇഒ എലോൺ മസ്കിന്‍റെ ആസ്തി 7.7 ബില്യൺ ഡോളർ കുറഞ്ഞു. ഡിസംബർ 13-നാണ് ഏറ്റവും വലിയ സമ്പന്നനെന്ന ലോക പദവിയിൽ നിന്നും മസ്‌ക് നിലം പതിച്ചത്.
ആഢംബര വ്യവസായി ബെർണാഡ് അർനോൾട്ട് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. 122.6 ബില്യൺ ഡോളറാണ് ഈ വർഷം മസ്കിന്‍റെ മൊത്തം നഷ്ടം. ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം ടെസ്‌ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ആസ്തി ഇപ്പോൾ 147.7 ബില്യൺ ഡോളറാണ്.