‘അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയവർ തന്നെ അത് തടസ്സപ്പെടുത്തി’
തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയവർ തന്നെ അത് തടസ്സപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയുടെ ചരിത്രത്തിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യമാണ് ഇന്ന് സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. റൂൾ 50 പ്രകാരമുള്ള നോട്ടീസുകൾ വിവിധ വിഷയങ്ങളിൽ സഭയിലേക്ക് വരാറുണ്ട്. കൽപ്പറ്റ അംഗമാണ് ഇന്ന് നോട്ടീസ് നൽകിയത്.
ഒരു കാരണവശാലും അടിയന്തരപ്രമേയം വരേണ്ടെന്ന് കരുതി പ്രതിപക്ഷം ബഹളമുണ്ടാക്കി. ബഹളമുണ്ടാക്കരുതെന്ന് സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. ചരമോപചാരം അവതരിപ്പിച്ചു. ചോദ്യോത്തരവേള പൂർണ്ണമായും തടസ്സപ്പെട്ടു. അതിന്റെ കാരണം എന്താണെന്ന് ആരും പറഞ്ഞില്ല. പ്രതിപക്ഷ നേതാവും ആരും ഒന്നും പറഞ്ഞില്ല. മുദ്രാവാക്യം വിളി, നടപ്പാതയിൽ ഇറങ്ങൽ, ബാനറുകൾ ഉയർത്തൽ എന്നിവ നടന്നു. ഇക്കാര്യം നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു അടിയന്തരപ്രമേയം ആരംഭിക്കുമ്പോൾ ഇതാണ് അവസ്ഥ. ചോദ്യോത്തരവേള പൂർണ്ണമായും തടസ്സപ്പെട്ടു. സാധാരണ അത്തരമൊരു ഘട്ടത്തിൽ, ഞങ്ങൾ ഈ നിലപാട് എടുക്കുന്നത് ഇന്ന കാര്യത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് അവർ പറയും. പ്രതിപക്ഷനേതാവ് ഒരു അക്ഷരം പോലും മിണ്ടാതെ, മുദ്രാവാക്യം വിളിച്ചു, സ്പീക്കർക്ക് മുന്നിൽ പോയി ബാനറുകൾ ഉയർത്തി. എന്തിനാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്ന് ഒരു തരത്തിലും മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.