നീണ്ട കാത്തിരിപ്പിന് വിരാമം; ചേതേശ്വര്‍ പൂജാരക്ക് സെഞ്ചുറി തിളക്കം

ചാറ്റോഗ്രാം: ഒടുവിൽ ടെസ്റ്റ് സെഞ്ച്വറിക്കായി ചേതേശ്വർ പുജാരയുടെ നാല് വർഷം നീണ്ട കാത്തിരിപ്പിന് വിരാമം. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിവസമാണ് പുജാര സെഞ്ച്വറി നേടിയത്. അദ്ദേഹത്തിന്‍റെ ടെസ്റ്റ് കരിയറിലെ 19-ാം സെഞ്ചുറിയായിരുന്നിത്.

2019 ജനുവരിയിൽ ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിന് ശേഷം പൂജാരക്ക് ഒരു സെഞ്ച്വറി പോലും സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ നാല് വർഷത്തിനിടെ 29 ടെസ്റ്റുകളും 52 ഇന്നിങ്സുകളും 47 മാസവും ഒരു സെഞ്ച്വറിയുടെ തിളക്കം പോലും ഇല്ലാതെയാണ് കടന്നുപോയത്.

നേരത്തെ ചാറ്റോഗ്രാമില്‍ ആദ്യ ഇന്നിങ്സിൽ പൂജാര 90 റൺസെടുത്ത് പുറത്തായിരുന്നു. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ പൂജാര 130 പന്തിൽ നിന്ന് 100 റൺസ് നേടി. 87 പന്തിൽ 50 റണ്‍സെടുത്ത പൂജാര പിന്നീട് ഗിയർ മാറ്റി അടുത്ത 43 പന്തിൽ 52 റൺസ് നേടി.