പ്രതിഷേധവുമായി എൻഡോസൾഫാൻ സമരസമിതി; മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന സാഹചര്യത്തിൽ സർക്കാർ ചർച്ച നടത്താൻ തയ്യാറാകാത്തതില്‍ പ്രതിഷേധം. എൻഡോസൾഫാൻ സമരസമിതി ചൊവ്വാഴ്ച ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തും. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വിദഗ്ധ ചികിത്സാ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. എൻഡോസൾഫാൻ ദുരിതബാധിതർക്കായി കെയർ സെന്‍ററുകൾ സ്ഥാപിക്കുക, മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക, എയിംസ് പദ്ധതിയിൽ കാസർഗോഡ് ജില്ലയെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

എൻഡോസൾഫാൻ ദുരിതബാധിതർക്കായി അവസാനമായി മെഡിക്കൽ ക്യാമ്പ് നടത്തിയത് 2017ലാണെന്നും അന്നത്തെ സർക്കാർ എല്ലാ വർഷവും മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ലെന്നും ദയാബായി പറയുന്നു. 2017ന് ശേഷം ജനിക്കുന്ന കുട്ടികൾ ആരും സർക്കാരിന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും അതിനാൽ അവർക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നും ദയാബായി പറഞ്ഞു. സർക്കാർ അടിയന്തരമായി ഇടപെട്ട് മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്നും എൻഡോസൾഫാൻ ദുരിതബാധിതരോടുള്ള സർക്കാരിന്റെ നിഷേധാത്മക സമീപനം ഉപേക്ഷിക്കണമെന്നും ദയാബായി കൂട്ടിച്ചേർത്തു. 

നിലവിൽ കാസർകോട് ജില്ലയിലെ ഒരു ആശുപത്രിയിലും എൻഡോസൾഫാൻ രോഗികളെ ചികിത്സിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളില്ല. ഒരു ഡേകെയർ സെന്‍റർ പോലുമില്ലാത്ത ജില്ലയിൽ രോഗബാധിതരായ കുട്ടികളെ കൊന്ന് അമ്മമാർ ആത്മഹത്യ ചെയ്യുകയാണെന്ന് ദയാബായി പറഞ്ഞു. ദുരിതബാധിതമായ എല്ലാ പഞ്ചായത്തുകളിലും ഡേകെയർ സെന്‍റർ സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.