അണുസംയോജനം വഴി ഊർജ്ജോത്പാദനം; നാഴികക്കല്ലായി പരീക്ഷണം

ന്യൂക്ലിയർ ഫ്യൂഷൻ അല്ലെങ്കിൽ അണുസംയോജനം വഴി ദീർഘ സമയത്തേക്ക് ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങളിൽ വഴിത്തിരിവ്. ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ക്ലീൻ എനർജി അഥവാ ശുദ്ധോർജത്തിന്റെ ഒരു പ്രധാന ഉറവിടമായി ന്യൂക്ലിയർ ഫ്യൂഷൻ ഉപയോഗിക്കാമെന്ന് യുഎസ് ഭൗതികശാസ്ത്രജ്ഞർ തെളിയിച്ചു. കാലിഫോർണിയയിലെ ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയിലാണ് (എൽഎൽഎൻഎൽ) പരീക്ഷണം നടന്നത്.

ന്യൂക്ലിയർ ഫ്യൂഷൻ വഴി പ്രതീക്ഷിച്ചതിലും കൂടുതൽ ഊർജ്ജം ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് കണ്ടെത്തൽ. എന്നിരുന്നാലും, ആണവ നിലയങ്ങളിലൂടെ വ്യാവസായിക വൈദ്യുതി ഉൽപാദനത്തിലെത്താൻ ഏറെ സമയമെടുക്കും. ഈ പരീക്ഷണം ചരിത്രത്താളുകളിൽ രേഖപ്പെടുത്തപ്പെടുമെന്ന്‌ വൈറ്റ് ഹൗസ് ശാസ്ത്ര ഉപദേഷ്ടാവ് ആരതി പ്രഭാകർ പറഞ്ഞു.

ഒന്നിലധികം ഭാരം കുറഞ്ഞ അണുകേന്ദ്രങ്ങൾ സംയോജിച്ച് ഭാരമേറിയ അണുകേന്ദ്രങ്ങളുണ്ടാകുന്ന പ്രക്രിയയാണ് ന്യൂക്ലിയർ ഫ്യൂഷൻ. ഈ പ്രക്രിയയിൽ, കൂടുതൽ ഊർജ്ജം സാധാരണയായി ഉത്പാദിപ്പിക്കപ്പെടുകയോ സ്വീകരിക്കപ്പെടുകയോ ചെയ്യുന്നു. ഈ പ്രക്രിയയാണ് സൂര്യന്‍റെയും മറ്റ് നക്ഷത്രങ്ങളുടെയും ഊർജ്ജ സ്രോതസ്സ്. റേഡിയോ ആക്ടീവ് അണുകേന്ദ്രങ്ങൾ വിഘടിച്ച് ചെറു അണുകേന്ദ്രങ്ങളുണ്ടാകുമ്പോൾ വലിയ തോതിൽ ഊർജം പുറത്തുവിടുന്ന അണുവിഘടനത്തിന്‌ നേർവിപരീതമാണ് അണുസംയോജനം.