17 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ട് ടീം പാക് മണ്ണിലെത്തി

കറാച്ചി: 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പാകിസ്ഥാനിലെത്തി. 2005ലാണ് ഇംഗ്ലണ്ട് അവസാനമായി പാകിസ്ഥാനിൽ കളിച്ചത്. ഇംഗ്ലണ്ട് ടീമിനായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷമാണ് ഇംഗ്ലണ്ട് പാകിസ്ഥാനിലേക്ക് വരേണ്ടിയിരുന്നത്. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് പിന്മാറി. ആദ്യ മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ന്യൂസിലൻഡ് പിന്മാറിയിരുന്നു. പാകിസ്ഥാനിലുള്ള തങ്ങളുടെ ടീമിന് ഭീഷണി സന്ദേശം ലഭിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കിവീസ് ടീം പിന്മാറിയത്. ഇതോടെ ഇംഗ്ലണ്ടും പാക് പര്യടനം ഉപേക്ഷിച്ചു. 

ഇംഗ്ലണ്ടും ന്യൂസിലാൻഡും പിന്മാറിയത് പാക് ക്രിക്കറ്റ് ബോർഡിനെ പ്രകോപിപ്പിച്ചിരുന്നു. 2009ൽ ശ്രീലങ്കൻ ടീമിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം യു.എ.ഇയായിരുന്നു പാക്കിസ്ഥാന്‍റെ വേദി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിലാണ് വിദേശ ടീമുകൾ പാകിസ്ഥാനിലേക്ക് വരാൻ സന്നദ്ധത അറിയിച്ചത്.