സംസ്ഥാനങ്ങളുടെ തുല്യപങ്കാളിത്തം വിസ്മരിക്കപ്പെടുന്നു: കേന്ദ്രത്തിനെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാരിനും ഗവർണർക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സർക്കാരുകൾക്ക് രാജ്യത്തിന്‍റെ വികസനത്തിൽ കേന്ദ്ര സർക്കാരുമായി തുല്യ പങ്കാളിത്തം വേണമെന്ന അടിസ്ഥാന ജനാധിപത്യ തത്വം വിസ്മരിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനാ ദിനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. “ഭരണഘടനാ ദിനത്തിന്‍റെ ആശങ്കകളിലൊന്ന് ഉയർന്ന ഭരണഘടനാ പദവികൾ വഹിക്കുന്നവരെ പോലും തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ഉപയോഗിക്കുന്നു എന്നതാണ്,” അദ്ദേഹം പറഞ്ഞു.

“ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്‍റെ 73-ാം വാർഷികമാണ് ഇന്ന്. ഇന്ന്, മതേതര, ജനാധിപത്യ, ഫെഡറൽ മൂല്യങ്ങൾ നമ്മുടെ രാജ്യത്ത് ഗുരുതരമായ വെല്ലുവിളി നേരിടുന്നു. മതത്തിന്‍റെ അടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. സമ്പദ് വ്യവസ്ഥയുടെ വലിയ തൂണുകളായി മാറുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നായി വിൽക്കപ്പെടുന്നു. തൊഴിലാളി വർഗത്തിന്‍റെ അവകാശങ്ങൾ കവർന്നെടുക്കപ്പെടുകയാണ്. ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷ തത്വങ്ങൾ ഉന്നതവിദ്യാഭ്യാസ രംഗത്ത് അട്ടിമറിക്കപ്പെടുകയാണ്. തത്വങ്ങൾക്ക് വിരുദ്ധമായ നയങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും നടപ്പാക്കുന്നു. ഇതെല്ലാം നിയമപരമായും പൊതുമണ്ഡലങ്ങളിലെ പ്രതിഷേധങ്ങളിലൂടെയും എതിര്‍ക്കപ്പെടുന്നുണ്ട്. ഈ എതിർപ്പ് ഭരണഘടനാ സംരക്ഷണത്തിന്‍റെ ശബ്ദമാണ്” – അദ്ദേഹം പറഞ്ഞു.