‘ദ കേരള സ്റ്റോറിക്കെതിരെ’ സംസ്ഥാന സര്‍ക്കാര്‍; പ്രദര്‍ശന അനുമതി നിഷേധിക്കാന്‍ ആലോചന
തിരുവനന്തപുരം: രാജ്യമാകെ വിവാദമുണ്ടാക്കിയ സിനിമ ‘ദ കേരള സ്‌റ്റോറിക്കെതിരെ’ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയും എന്നതില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് പ്രദര്‍ശന അനുമതി നിഷേധിക്കുന്നതടക്കം സംസ്ഥാന സര്‍ക്കാറിന്റെ ആലോചനയിലുണ്ടെന്നാണ് വിവരം. സിനിമക്കെതിരെ നിയമപരമായി നീങ്ങും എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയമോപദേശം നേടിയത്. മെയ് 5നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
അതേസമയം കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. സിനിമ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിര്‍മ്മിച്ചതെന്നെന്നാണ് അദ്ദേഹം പറഞ്ഞത്. സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
എന്നാല്‍ ‘ദ കേരള സ്റ്റോറിക്ക്’ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശാനുമതി ലഭിച്ചു. എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷായാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഒപ്പം ചിത്രത്തിന്റെ വിവിധ ഇടങ്ങളിലായി സംഭാഷണങ്ങള്‍ അടക്കം പത്ത് മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.