2021 ൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് എറണാകുളത്ത്

എറണാകുളം: 2021 ൽ ഇന്ത്യയിൽ കൊവിഡ് -19 ന്‍റെ രണ്ടാം തരംഗത്തിന്‍റെ മൂർദ്ധന്യാവസ്ഥയിൽ, എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് എറണാകുളം ജില്ലയിലെ കൊവിഡ് -19 സർവൈലൻസ് യൂണിറ്റിന്‍റെ ഭാഗമായ ഡോക്ടർമാരുടെ സംഘം പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം പറയുന്നു.

ഇതര സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുറയാൻ തുടങ്ങിയപ്പോഴും എറണാകുളം ജില്ലയിൽ വലിയ തോതിൽ കേസുകൾ റിപ്പോർട്ട് ചെയ്തതായി ജില്ലയിലെ പകർച്ചവ്യാധി സാഹചര്യം വിശകലനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള പ്രബന്ധത്തിൽ പറയുന്നു. 2021 ജനുവരിയിലും 2021 മെയ് മാസത്തിലും എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

രാജ്യത്ത് 30% മുതൽ 35% വരെ കൊവിഡ് കേസുകളും 50% കൊവിഡ് മരണങ്ങളും സംഭാവന ചെയ്യുന്ന കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് എറണാകുളത്താണ്. എന്നാൽ, പ്രബന്ധമനുസരിച്ച് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതാണ് ഇതിന് പ്രധാന കാരണം (ദേശീയ ശരാശരിയുടെ അഞ്ച് മുതൽ ആറ് മടങ്ങ് വരെ). ടാർഗെറ്റഡ് ടെസ്റ്റിംഗ് തന്ത്രം മരണനിരക്കും (0.35%), ആശുപത്രിയിൽ പ്രവശിപ്പിക്കുന്ന രോഗികളുടെ നിരക്കും കുറയ്ക്കാൻ സഹായിച്ചു.