ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ പിഴവ്; റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് സസ്പെന്‍ഷന്‍
കാസര്‍ഗോഡ്: കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് കാസര്‍ഗോഡ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.സീനത്ത് ബീഗത്തെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് സസ്പെന്‍ഡ് ചെയ്തു. കാസര്‍ഗോഡ് വച്ച് നടന്ന റിവ്യൂ യോഗത്തില്‍ കെആര്‍എഫ്ബിക്കു കീഴിലുള്ള പദ്ധതികളെപ്പറ്റി ധാരണപോലുമില്ലാതെ എത്തിയ എക്സിക്യൂട്ടീവ് എന്‍ജിനീയറെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ശാസിച്ചിരുന്നു.
എക്സിക്യുട്ടീവ് എൻജിനീയർ കെ. സീനത്ത് ബീഗത്തിന്‍റെ പ്രവർത്തനങ്ങളിൽ തുടർച്ചയായ വീഴ്ചകൾ കാസർകോട് ഡിവിഷനിലെ കെആർഎഫ്ബി പ്രവർത്തനങ്ങളുടെ പുരോഗതിയെ ബാധിക്കുന്നുവെന്ന് നേരിട്ട് ബോധ്യപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ.
തുടർച്ചയായി ഓഫീസിൽ ഹാജരാകാതിരിക്കുക, പ്രോജക്ട് ഡയറക്ടറുടെ നിർദേശങ്ങൾ അനുസരിക്കാതിരിക്കുക, പൊതുജനങ്ങളും ജനപ്രതിനിധികളും ഉന്നയിക്കുന്ന പരാതികൾ പരിഹരിക്കാതിരിക്കുക, തീരദേശ, മലയോര ഹൈവേകൾ ഉൾപ്പെടെ വിവിധ പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്ന പ്രതിവാര യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുക, എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്ന നിലയിൽ നിർവഹിക്കേണ്ട മേൽനോട്ട ചുമതലകൾ നിർവഹിക്കാതിരിക്കുക എന്നിവയുൾപ്പെടെ സീനത്ത് ബിഗമിനെതിരെ നിരവധി വീഴ്ചകൾ കെ.ആർ.എഫ്.ബി ചീഫ് എൻജിനീയർ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സീനത്ത് ബീഗത്തെ സസ്പെൻഡ് ചെയ്യാൻ മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടത്.