ഉപഗ്രഹസര്‍വേയിലെ അപാകതകള്‍; മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നൽകണമെന്ന് മന്ത്രി

ഇടുക്കി: സാറ്റലൈറ്റ് സർവേയിലെ അപാകതകൾ പരിശോധിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. ജില്ലാ കളക്ടർ, വില്ലേജ് ഓഫീസർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന സംഘത്തോടാണ് അപാകതകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കരുതല്‍മേഖലയുള്‍പ്പെടുന്ന 4 പ്രദേശങ്ങളിൽ നിന്നുള്ള വൈൽഡ് ലൈഫ് വാർഡൻമാരും സമിതിയിൽ ഉണ്ടാകും.

എത്രയും വേഗം സമിതി നേരിട്ട് സ്ഥലം പരിശോധിക്കണമെന്നാണ് നിർദേശം. ഉപഗ്രഹസര്‍വേയില്‍ അധികമായി ഉള്‍പ്പെട്ടിരിക്കുന്ന ജനവാസമേഖലകള്‍ ഏതെന്നും വിട്ടുപോയ പ്രദേശങ്ങള്‍ ഏതെന്നും അടക്കം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനപ്രതിനിധികളും കർഷകരും സാറ്റലൈറ്റ് സർവേയെ കുറിച്ച് വ്യാപകമായ പരാതികളാണ് യോഗത്തിൽ ഉന്നയിച്ചത്. വനമേഖലയല്ലാത്ത സ്ഥലങ്ങള്‍ പോലും കരുതല്‍മേഖലയില്‍ ഉള്‍പ്പെടുത്തിയെന്ന് യോഗത്തില്‍ ജനപ്രതിനിധികള്‍ പരാതി ഉന്നയിച്ചു.