ഇത്തിഹാദ്;യാത്രാ ട്രെയിൻ എന്ന ലക്ഷ്യത്തിലേക്കു കുതിക്കുന്നു
അബുദാബി: വികസന ട്രാക്കിൽ മുന്നേറുന്ന ഇത്തിഹാദ് റെയിൽ യാത്രാ ട്രെയിനിന്‍റെ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ഇതിന്‍റെ ഭാഗമായി റെയിൽവേ മാനേജ്മെന്‍റ്, അറ്റകുറ്റപ്പണികൾ, പാസഞ്ചർ സ്റ്റേഷനുകൾ , ടിക്കറ്റിംഗ് സംവിധാനം, ചരക്ക് ഗതാഗതം, സാങ്കേതിക സൗകര്യം എന്നിവ ഉൾപ്പെടുന്ന സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. പാസഞ്ചർ ട്രെയിൻ 2024 ൽ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്രഞ്ച് സർക്കാർ ഉടമസ്ഥതയിലുള്ള എസ്എൻസിഎഫ് ഇന്‍റർനാഷണൽ, ഗ്രീൻ ആൻഡ് സ്മാർട്ട് മൊബിലിറ്റി മേഖലയിലെ അൽസ്റ്റോം, പ്രോഗ്രസ് റെയിൽ, റെയിൽ, റോഡ് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സംയോജിത വിതരണക്കാരായ പ്രോഗ്രസ് റെയിൽ, നൂതന സാങ്കേതികവിദ്യകളിലെ പ്രമുഖ താരമായ താലെസ് ഗ്രൂപ്പ് എന്നിവരുമായി കരാറുകളിൽ ഒപ്പുവെച്ചു.
റെയിൽ, ചരക്ക്, ഗതാഗത മേഖലയിലെ വൻകിട കമ്പനികളുമായി സഹകരിക്കുന്നത് മികച്ച ഗുണനിലവാരം ഉറപ്പാക്കുമെന്ന് ഇത്തിഹാദ് റെയിൽ പാസഞ്ചർ ഡിവിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അഹ്മദ് അൽ മുസാവ പറഞ്ഞു. ഇത്തിഹാദ് റെയിൽ, എസ്.എൻ.സി.എഫ് ഇന്‍റർനാഷണൽ എന്നിവ സംയുക്തമായാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.