കമ്പനികൾക്ക് തൊഴിലാളികൾ ഹിജാബ് ധരിക്കുന്നത് വിലക്കാമെന്ന് യൂറോപ്യൻ യൂണിയൻ കോടതി 

ബ്രസ്സൽസ്: യൂറോപ്യൻ യൂണിയന്‍റെ പരിധിയിൽ വരുന്ന കമ്പനികൾക്ക് വേണമെങ്കിൽ ഹിജാബ് നിരോധിക്കാമെന്ന് യൂറോപ്യൻ യൂണിയൻ കോടതിയുടെ വിധി. ശിരോവസ്ത്രത്തിന് പൊതുവായ നിരോധനമുണ്ടെങ്കിൽ ഹിജാബും നിരോധിക്കാം. ഇത് തൊഴിലാളികളോടുള്ള മതപരമായ വിവേചനമായിരിക്കില്ല. യൂറോപ്യൻ യൂണിയൻ നിയമം ലംഘിക്കപ്പെടില്ലെന്നും യൂറോപ്യൻ യൂണിയൻ സുപ്രീം കോടതി നിരീക്ഷിച്ചു. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ വിവാദം കത്തിപ്പടരുന്നതിനിടെയാണ് യൂറോപ്യൻ യൂണിയൻ കോടതിയുടെ വിധി.

ബെൽജിയം കമ്പനിയിലെ തർക്കം കോടതിയിലെത്തിയതാണ് വിധിക്ക് കാരണമായത്. ആറാഴ്ചത്തെ തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷിച്ചപ്പോൾ ഹിജാബ് ധരിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചതായി മുസ്ലീം യുവതി പരാതിപ്പെട്ടു. എന്നാൽ, കമ്പനിയുടെ പൊതുവായ ഡ്രസ് കോഡിന്‍റെ ഭാഗമായി, ശിരോവസ്ത്രങ്ങളും തൊപ്പികളും അനുവദിക്കില്ലെന്നും നിഷ്പക്ഷത നിയമം ഉണ്ടെന്നുമാണ് അറിയിച്ചതെന്ന് കമ്പനി വ്യക്തമാക്കി. തുടർന്നാണ് വിഷയം കോടതിയിലെത്തിയത്. ബെൽജിയൻ കോടതി പിന്നീട് നിയമ വ്യക്തതക്കായി കേസ് യൂറോപ്യൻ യൂണിയൻ കോടതിയിലേക്ക് റഫർ ചെയ്തു. കമ്പനിയിലെ തൊഴിലാളികൾ ശിരോവസ്ത്രം ധരിക്കുന്നത് മൊത്തത്തിൽ നിരോധിക്കുന്നത് യൂറോപ്യൻ യൂണിയൻ നിയമത്തിന്റെ ലംഘനമല്ലെന്നും നിരോധനം പരോക്ഷ വിവേചനമാണോ എന്ന് ബെൽജിയൻ കോടതി തീരുമാനിക്കണമെന്നും കോടതി പറഞ്ഞു.