യൂറോപ്പ ലീഗ്; യുണൈറ്റഡിനും ആഴ്‌സനലിനും വിജയം
നിക്കോസിയ: ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആഴ്‌സനലിനും യൂറോപ്പ ലീഗിൽ വിജയം. യുണൈറ്റഡ് സൈപ്രസ് ക്ലബ് ഒമോണിയയെയും ആഴ്‌സനല്‍ നോർവീജിയൻ ക്ലബ് എഫ്കെ ബോഡോ ഗ്ലിംറ്റിനെയുമാണ് പരാജയപ്പെടുത്തിയത്.
ഒമോണിയയിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. എല്ലാ സൂപ്പർസ്റ്റാറുകളും പങ്കെടുത്ത മത്സരത്തിൽ റെഡ് ഡെവിൾസ് 3-2 ന് ദുർബലരായ ഒമോണിയയെ പരാജയപ്പെടുത്തി. മാർക്കസ് റാഷ്ഫോർഡ് രണ്ട് ഗോളുകൾ നേടി ടീമിനെ വിജയത്തിലെത്തിച്ചു. മത്സരത്തിന്‍റെ 34-ാം മിനിറ്റിൽ യുണൈറ്റഡിനെ ഞെട്ടിച്ച് ഒമോണിയയുടെ കരീം അൻസാരി ഫാർഡ് ടീമിനായി വലകുലുക്കി. ആദ്യ പകുതിയിൽ ആ ലീഡ് നിലനിർത്താൻ ഒമോണിയക്ക് സാധിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ റാഷ്ഫോർഡും ആന്‍റണി മാർഷ്യലും പകരക്കാരായി ഇറങ്ങിയതോടെ കളി മാറി. മത്സരത്തിന്‍റെ 53-ാം മിനിറ്റിലും 84-ാം മിനിറ്റിലുമാണ് റാഷ്ഫോർഡ് ഗോൾ നേടിയത്. 63-ാം മിനിറ്റിൽ മാർഷ്യൽ ഗോൾ നേടി. ഇതോടെ യുണൈറ്റഡ് 3-1ന് മുന്നിലെത്തി. എന്നാൽ 85-ാം മിനിറ്റിൽ ഒമോണിയ ഒരു മറുപടി ഗോൾ നേടി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി യുണൈറ്റഡ് ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. മൂന്ന് ജയങ്ങളുമായി റയൽ സോസിഡാഡ് ഒന്നാം സ്ഥാനത്താണ്.