ഉഷ്ണതരംഗത്തിൽ ഉരുകി യൂറോപ്യൻ രാജ്യങ്ങൾ
ലണ്ടന്‍: കാലാവസ്ഥ വ്യതിയാനം മൂലം തെക്കൻ യൂറോപ്പിൽ ഉഷ്ണതരംഗം രൂക്ഷമാവുന്നു. ഇതിനാൽ, പല നദികളും വറ്റി വരണ്ട അവസ്ഥയിലാണ്. വനങ്ങളിൽ കാട്ടുതീ പടരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022 ജൂൺ, ജൂലൈ മാസങ്ങളിൽ യൂറോപ്പ്, വടക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിൽ ഉഷ്ണതരംഗങ്ങൾ ആഞ്ഞടിച്ചു. ചില സ്ഥലങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് (104 ഡിഗ്രി ഫാരൻഹീറ്റ്) മുകളിൽ ഉയരുകയും ദീർഘകാല റെക്കോർഡുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്.
പോർച്ചുഗൽ, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങി യൂറോപ്പിന്‍റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ശക്തമായ ഉഷ്ണതരംഗങ്ങൾ വീശുകയാണ്. യൂറോപ്പിലുടനീളമുള്ള ആയിരക്കണക്കിന് പ്രദേശങ്ങൾ ശക്തമായ കാട്ടുതീക്ക് സാക്ഷ്യം വഹിക്കുന്നു. കഴിഞ്ഞ 70 വർഷത്തിനിടെ ആദ്യമായി പോ നദി ഇറ്റലിയിൽ ഏറ്റവും വലിയ വരൾച്ചയെ അഭിമുഖീകരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 11,000 ലധികം ആളുകൾ ഫ്രാൻസിന്‍റെ തെക്കുപടിഞ്ഞാറൻ ജിറോണ്ടെ പ്രദേശം വിടാൻ നിർബന്ധിതരായി. താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള പോർച്ചുഗലിലും സ്പെയിനിലും തീപിടുത്തം രൂക്ഷമാണ്. ഇരു രാജ്യങ്ങളിലുമായി 281 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പടിഞ്ഞാറൻ സ്പെയിനിലെ നിരവധി പട്ടണങ്ങൾ ഒഴിപ്പിച്ചിട്ടുണ്ട്.