യൂറോപ്യൻ പര്യടനം; മുഖ്യമന്ത്രി കാള്‍ മാർക്സിന്റെ ശവകൂടീരത്തിൽ പ്രണാമം അർപ്പിക്കും

ലണ്ടൻ: യൂറോപ്യൻ പര്യടനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ബ്രിട്ടനിലെത്തി. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, മന്ത്രി പി രാജീവ്, ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം ഫിൻലൻഡിലും നോർവേയിലും പരിപാടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് രാവിലെ ലണ്ടനിലെത്തി. ഇന്നും നാളെയും തിങ്കളാഴ്ചയുമാണ് ബ്രിട്ടനിലെ പ്രധാന പരിപാടികൾ.

ഇന്ന് ലണ്ടനിലെ ഗാന്ധി പ്രതിമയിലും ഹൈഗേറ്റ് സെമിത്തേരിയിലെ കാൾ മാർക്സിന്‍റെ ശവകുടീരത്തിലും മുഖ്യമന്ത്രി പ്രണാമം അർപ്പിക്കും. ലോക കേരള സഭ യൂറോപ്പ്-യുകെ റീജിയണൽ കോൺഫറൻസ് നാളെ രാവിലെ മുതൽ സെൻട്രൽ ലണ്ടനിലെ സെന്‍റ് ജെയിംസ് കോർട്ട് ഹോട്ടലിൽ (താജ്) നടക്കും. രാവിലെ 9.30ന് സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെ സമ്മേളനം സമാപിക്കും. ലോക കേരള സഭയുടെ പ്രസീഡിയം അംഗമായിരുന്ന ടി ഹരിദാസിന്‍റെ പേരിൽ ഏർപ്പെടുത്തിയ ഗ്ലോബൽ ടാലന്‍റ് അവാർഡ് സമ്മേളനത്തിൽ മുഖ്യമന്ത്രി സമ്മാനിക്കും.

ലണ്ടനിലെ ഹെൽട്ടം ടൂഡോ പാർക്കിൽ നാളെ വൈകുന്നേരം നടക്കുന്ന മലയാളി പ്രവാസി സംഗമത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. കേളീരവം എന്ന സാംസ്കാരിക പരിപാടിയോടെയാണ് പ്രവാസി സംഗമം ആരംഭിക്കുക. വൈകിട്ട് 5.30ന് മുഖ്യമന്ത്രി സംഗമം ഉദ്ഘാടനം ചെയ്യും. കേളീരവം സാംസ്കാരിക പരിപാടികൾ വൈകിട്ട് 7 മുതൽ രാത്രി 9 വരെ തുടരും.