അറുപത്തിയെട്ടാം വയസിലും ചക്കിയമ്മയ്ക്ക് കൃഷിയാണ് ജീവിതം

തിരുനാവായ: 30 വർഷത്തിലേറെയായി ചക്കിയമ്മ തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് പാടത്താണ്. 68 കാരിയായ ചക്കിയമ്മയ്ക്ക് ഇപ്പോഴും കൃഷിയാണ് ജീവിതം. കൃഷിയും കുടുംബവുമായി തിരുനാവായയിലാണ് ചെറുപറമ്പിൽ ചക്കിയമ്മ താമസിക്കുന്നത്. സൂര്യൻ ഉദിച്ചാൽ, ചക്കിയമ്മ പാട്ടത്തിനെടുത്ത 2 ഏക്കർ കൃഷിയിടത്തിൽ എത്തും. പിന്നെ സൂര്യൻ മടങ്ങുമ്പോഴാണ് ചക്കിയമ്മയുടേയും മടക്കം. ഉത്പാദിപ്പിക്കുന്ന ധാന്യം സപ്ലൈകോയ്ക്കാണ് നൽകുന്നത്. തിരുനാവായ-പുത്തനത്താണിയിൽ പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്.

വളരെ ചെറുപ്രായത്തിൽ തന്നെ ഭർത്താവ് ചെറുരാമനെയും ഒരു മകനെയും നഷ്ടപ്പെട്ട ചക്കിയമ്മ ഏക മകൾ ശ്രീജയെ വിവാഹം ചെയ്തയച്ചത് കൃഷിയിൽ നിന്ന് ലഭിച്ച വരുമാനം കൊണ്ടാണ്. എന്തിനാണ് ഇപ്പോഴും ഇത്രയധികം കഷ്ടപ്പെടുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ ചക്കിയമ്മയുടെ മറുപടി അന്നമുണ്ടാക്കാൻ എന്തു കഷ്ടപ്പാടെന്നാണ്. ഇതിനിടയിൽ, ഒരു അപകടത്തെ തുടർന്ന് കിടപ്പിലായ സമയമൊഴികെ എല്ലാ സമയത്തും ചക്കിയമ്മ പാടത്ത് എത്തിയിരുന്നു. ഭക്ഷ്യദിനാചരണത്തിന്‍റെ ഭാഗമായി പരിസ്ഥിതി സംഘടനയായ റീ എക്കോ ചക്കിയമ്മയെ വീട്ടിലെത്തി ആദരിച്ചിരുന്നു.