ട്വിറ്റർ മസ്‌ക് ഏറ്റെടുത്താലും നിയമങ്ങൾ അനുസരിക്കണം: കേന്ദ്ര സര്‍ക്കാര്‍

ഡൽഹി: ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്താലും ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കേണ്ടിവരുമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പരിഷ്കരിച്ച ഐടി നിയമങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തിറങ്ങാനിരിക്കെയാണ് സർക്കാരിന്റെ നയം.

ട്വിറ്ററിൽ നിന്ന് ഉള്ളടക്കം നീക്കം ചെയ്യാനുള്ള ചില സർക്കാർ ഉത്തരവുകൾ റദ്ദാക്കണമെന്ന് ജൂലൈയിൽ ട്വിറ്റർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിന്‍റെ പുതിയ ഉടമസ്ഥാവകാശം അത്തരം കേസുകളില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നറിയാൻ ടെക് ലോകം കാത്തിരിക്കുകയാണ്. 

ഖാലിസ്ഥാനുമായി ബന്ധപ്പെട്ട ട്വിറ്റർ അക്കൗണ്ടുകൾ, കർഷക സമരത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ, കോവിഡ് മഹാമാരിയെ സർക്കാർ കൈകാര്യം ചെയ്തതിനെ വിമർശിക്കുന്ന ട്വീറ്റുകൾ എന്നിവ നീക്കം ചെയ്യാൻ കഴിഞ്ഞ രണ്ട് വർഷമായി സർക്കാർ ട്വിറ്റർ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.